ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാർഷികവും സാംസ്‌കാരികവുമായ പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനം സമർപ്പിച്ച പഠന റിപ്പോർട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, കുട്ടനാടിനെ ലോക പൈതൃക പട്ടികയിലേക്ക് ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് വിവരം.
കുട്ടനാടിനെ യുനെസ്കോയുടെ ‘കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും പുരാവസ്തു വകുപ്പും നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുന്നത്. സമുദ്രനിരപ്പിന് താഴെ കൃഷി നടത്തുന്ന അപൂർവ കാർഷികരീതിയാണ് കുട്ടനാടിന്റെ ഏറ്റവും വലിയ പ്രത്യേകത. തനതായ ജലവിഭവ മാനേജ്‌മെന്റ് സംവിധാനം, പാരമ്പര്യ കാർഷിക വിജ്ഞാനം, സമ്പന്നമായ ജൈവവൈവിധ്യം, തലമുറകളായി നിലനിൽക്കുന്ന കാർഷിക പൈതൃകം എന്നിവ ഈ പ്രദേശത്തെ ലോക ശ്രദ്ധയിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്.
ഇന്ത്യയുടെ പ്രാഥമിക ലോക പൈതൃക പട്ടികയിൽ കുട്ടനാട് ഇടംപിടിക്കുന്നതോടെ യുനെസ്കോ അംഗീകാരത്തിലേക്കുള്ള നിർണായക ഘട്ടം പൂർത്തിയാകും. നേരത്തേ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ‘ഗ്ലോബലി ഇംപോർട്ടന്റ് അഗ്രികൾച്ചറൽ ഹെറിറ്റേജ്’ അംഗീകാരം കുട്ടനാടിന് ലഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ലോക പൈതൃക പട്ടികയിലെ കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ് വിഭാഗത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായത്. ഈ നിർദേശം പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച വിദഗ്ധ ഏജൻസിയുടെ റിപ്പോർട്ട് അനുകൂലമായതോടെയാണ് നടപടികൾ വേഗത്തിലായത്.

