കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബഹുമതി ഇതിനകം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുരസ്‌കാരം നൽകുന്നതിൽ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകൾ പരിഗണിച്ച് പുരസ്‌കാരം നൽകുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, അദ്ദേഹം ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഭാവിയിൽ ഏതെങ്കിലും കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഇത്തരത്തിലുള്ള ബഹുമതികൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് നിലവിൽ നിയമപരമായ വ്യവസ്ഥകളുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
നാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് ഹർജി കോടതിയിൽ സമർപ്പിച്ചത്. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നും പുരസ്‌കാരദാന നടപടികൾ തടയണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. പത്മ ബഹുമതികൾക്കായി രൂപീകരിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളിക്കെതിരായ കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രമാണെന്നും, ശിക്ഷാവിധികൾ ഒന്നും തന്നെ നിലവിലില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

