ലൂസേൺ: ഇന്ത്യൻ കായികരംഗത്തിന് അഭിമാനത്തിന്റെ സുവർണ അധ്യായം രചിച്ച് വേൾഡ് റോയിങ് കപ്പ് മൂന്നാം ഘട്ടത്തിൽ ഇന്ത്യക്ക് ചരിത്രവിജയം. ലൈറ്റ്വെയ്റ്റ് മെൻസ് ഡബിൾ സ്കൾസ് ഫൈനലിൽ ലക്ഷ്യയും ഉജ്ജ്വൽ കുമാർ സിംഗും ചേർന്നാണ് ഇന്ത്യക്കായി ആദ്യമായി ലോക റോയിങ് കപ്പിൽ സ്വർണമെഡൽ സ്വന്തമാക്കിയത്. സ്വിറ്റ്സർലൻഡിലെ ലൂസേണിൽ നടന്ന മത്സരത്തിൽ 6 മിനിറ്റ് 26.09 സെക്കൻഡ് സമയം കുറിച്ചാണ് ഇന്ത്യൻ ജോഡി ഫിനിഷിംഗ് ലൈൻ ആദ്യം കടന്നത്.
തീപാറും മത്സരത്തിൽ ഹോങ്കോങ് സഖ്യം (6:27.14) വെറും ഒരു സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തും നെതർലൻഡ്സ് (6:27.36) മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന മീറ്ററുകൾ വരെ ഏറെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരങ്ങൾ വിജയം പിടിച്ചെടുത്തത്. അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ തന്നെ മുൻ ജേതാക്കളായ ഹോങ്കോങ് ടീമിനെ മറികടന്നാണ് ലക്ഷ്യയും ഉജ്ജ്വൽ കുമാർ സിംഗും സ്വർണം തുഴഞ്ഞുകയറിയത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാർമാരായ ഇരുവരുടെയും നേട്ടം രാജ്യത്തിന് വലിയൊരു നാഴികക്കല്ലാണ്. ലോക റോയിങ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 18 അംഗ സംഘത്തിൽ 17 പേരും സൈന്യത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ റോയിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണിതെന്ന് ആർമി റോയിങ് നോഡ് കമാൻഡിങ് ഓഫീസർ കർണൽ രാമകൃഷ്ണൻ വിശേഷിപ്പിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായുണ്ടായ ഈ വിജയം ഭാവിയിലെ ഒളിമ്പിക് മെഡൽ സ്വപ്നങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്. ലോക റോയിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടന്ന ഈ ടൂർണമെന്റിലെ പ്രകടനം ഇന്ത്യൻ റോയിങ്ങിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

