ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് നാല് സാമ്പത്തിക വർഷങ്ങൾക്കിടെ ബാങ്കുകൾ ഈടാക്കിയത് 26,170 കോടി രൂപയിലധികം. 2023 മുതൽ 2026 വരെയുള്ള കാലയളവിലാണ് ബാങ്കുകൾ ഇത്രയും വലിയ തുക പിഴയായി കൈക്കലാക്കിയത്. രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ പിഴ ഈടാക്കുന്നത് സ്വകാര്യ ബാങ്കുകളാണെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയായി ബാങ്കുകൾ സമാഹരിച്ചത് 7,086.63 കോടി രൂപയാണ്. ഇതിൽ 4,948.71 കോടി രൂപയും സ്വകാര്യ മേഖലയിലെ ബാങ്കുകളിൽ നിന്നാണ് ലഭിച്ചത്. പൊതുമേഖലാ ബാങ്കുകൾ ഇതേ കാലയളവിൽ 2,137.92 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബിസിനസ് കറന്റ് അക്കൗണ്ടുകൾക്ക് ഇപ്പോഴും വലിയ തുക പിഴ ഈടാക്കുന്നുണ്ട്.
രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണവും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കുന്നത്; 2026 സാമ്പത്തിക വർഷത്തിൽ മാത്രം 1,798.14 കോടി രൂപയാണ് ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത്. ആക്സിസ് ബാങ്കാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 477.27 കോടി രൂപയുമായി മുന്നിലെത്തിയപ്പോൾ, ബാങ്ക് ഓഫ് ബറോഡ 394.10 കോടി രൂപയുമായി തൊട്ടുപിന്നിലുണ്ട്.

