തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നീ മേഖലകളിൽ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഒൻപതായി ഉയർന്നു.
രോഗവ്യാപനത്തെത്തുടർന്ന് ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചുചേർത്തു. രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ വയനാട്, കൊല്ലം എന്നീ ജില്ലകളിലും നിലവിൽ ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഷിഗെല്ലോസിസ്’ എന്നറിയപ്പെടുന്ന ഈ ബാക്ടീരിയൽ അണുബാധ പ്രധാനമായും ദഹനവ്യവസ്ഥയെയും കുടലിനെയുമാണ് ബാധിക്കുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഈ അണുബാധ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. വ്യക്തിശുചിത്വമില്ലായ്മയും രോഗിയുമായി നേരിട്ടുള്ള സമ്പർക്കവും രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു

