ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമായി വെയ്റ്റ്ലിഫ്റ്റർ മീരാബായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ മീരാബായ്, ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണ മെഡൽ സമ്മാനിച്ചു. ആകെ 190 കിലോ ഭാരമുയർത്തിയാണ് മീരാബായ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. നേരത്തെ റിഷികാന്ത സിങ് വെള്ളിയും, പാരാ പവർലിഫ്റ്റർ ഝണ്ടു കുമാർ വെങ്കലവും ഇന്ത്യയ്ക്കായി നേടിയിരുന്നു.
സ്നാച്ച് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ 82 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം ശ്രമത്തിൽ മീരാബായ് മികച്ച തിരിച്ചുവരവ് നടത്തി. മൂന്നാം ശ്രമത്തിൽ 85 കിലോഗ്രാം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും താരം കുറിച്ചു. ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ ശ്രമം പിഴച്ചുവെങ്കിലും, രണ്ടാം ശ്രമത്തിൽ 105 കിലോഗ്രാം ഉയർത്തി മീരാബായ് സ്വർണ്ണ മെഡൽ ഉറപ്പിക്കുകയായിരുന്നു. നൈജീരിയയുടെ റൂത്ത് അസുക്വോ ന്യോങ് വെള്ളിയും മലേഷ്യയുടെ ഐറിൻ ജെയ്ൻ ഹെന്റി വെങ്കലവും നേടി.
കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണമാണ് മീരാബായ് സ്വന്തമാക്കുന്നത്. 2018 ഗോൾഡ് കോസ്റ്റ്, 2022 ബർമിങ്ഹാം ഗെയിംസുകൾക്ക് പിന്നാലെ 2026-ലും താരം കിരീടം നിലനിർത്തി. 2014 ഗ്ലാസ്ഗോ ഗെയിംസിൽ വെള്ളി നേടിയതുൾപ്പെടെ, നാല് പതിപ്പുകളിൽ നിന്നായി ഒരു വെള്ളിയും മൂന്ന് സ്വർണ്ണവും സ്വന്തമാക്കി അപൂർവ്വ നേട്ടമാണ് ഇന്ത്യൻ താരം കൈവരിച്ചിരിക്കുന്നത്. വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുമ്പോൾ, പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ എം. രാജ കൂടി മത്സരിക്കാനിരിക്കുന്നത് മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

