ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ഗെയ്ല്‍ പ്രഖ്യാപിച്ചു. സാലി സാംസൺ ടീമിന്റെ നായകനായി തുടരുമ്പോൾ, മുൻ ഇന്ത്യൻ പേസർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണിന്റെ സഹോദരനായ സാലി സാംസൺ രണ്ടാം തവണയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച ബേസിൽ തമ്പി ഇത്തവണ ഉപനായകന്റെ ചുമതലയാണ് വഹിക്കുക.
ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ നടന്ന ചടങ്ങിലാണ് നേതൃനിരയെ ക്രിസ് ഗെയ്ല്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം ടീമിന്റെ പുതിയ ഔദ്യോഗിക മുദ്രാവാക്യമായ ‘Once a Blue Tigers, Always a Blue Tigers’ എന്ന സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സീസണിൽ സാലി സാംസൺ പുറത്തെടുത്ത നേതൃത്വമികവ് ശ്രദ്ധേയമാണെന്നും, ബേസിൽ തമ്പിയുടെ അനുഭവസമ്പത്ത് ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയ്ല്‍ വിലയിരുത്തി.
നേതൃത്വമികവാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. സാലി സാംസണിന്റെയും ബേസിൽ തമ്പിയുടെയും നേതൃത്വത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും, ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തമായ ടീമിനെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യവും ഈ പ്രഖ്യാപനവും കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് വലിയ ആവേശം പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

