എഡിന്‍ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരുഷന്മാരുടെ ഏകദിന, ടി20 ലോകകപ്പുകളുടെ മത്സരക്രമത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. എഡിന്‍ബര്‍ഗില്‍ നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലാണ് 2027 ഏകദിന ലോകകപ്പിനും 2028 ടി20 ലോകകപ്പിനും ബാധകമാകുന്ന പുതിയ ഫോര്‍മാറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്. ക്രിക്കറ്റ് മത്സരങ്ങളുടെ നിലവാരവും ആവേശവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
2027-ല്‍ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ‘സൂപ്പര്‍ സീരീസ്’ എന്ന പുതിയ ഘട്ടം ഉള്‍പ്പെടുത്തും. 14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള മൂന്ന് ടീമുകള്‍ ആദ്യം സൂപ്പര്‍ സീരീസില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന ടീം പ്രധാന 12 ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരും, മികച്ച നാലാം സ്ഥാനക്കാരനും ചേര്‍ന്ന് ‘സൂപ്പര്‍ 7’ റൗണ്ടിലേക്ക് യോഗ്യത നേടും. റൗണ്ട് റോബിന് രീതിയില്‍ നടക്കുന്ന ഈ ഘട്ടത്തില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് മുന്നേറും. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന് പോരാട്ടങ്ങള്‍ പോലെയുള്ള ഹൈ-വോള്‍ട്ടേജ് മത്സരങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.
2028-ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും സുപ്രധാന മാറ്റങ്ങളുണ്ട്. ടൂര്‍ണമെന്റിലെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തുകയും ഇതിനെ ‘സൂപ്പര്‍ 10’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. സൂപ്പര്‍ 10-ലെ രണ്ട് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തും. രണ്ടാം സ്ഥാനക്കാര്‍ എതിര് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി ‘എലിമിനേറ്റര്‍’ മത്സരത്തില്‍ ഏറ്റുമുട്ടി ശേഷിക്കുന്ന രണ്ട് സെമിഫൈനല്‍ ബെര്‍ത്തുകള്‍ തീരുമാനിക്കും. വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും മത്സരങ്ങളുടെ വീറും വാശിയും ഉറപ്പാക്കാനും ഈ മാറ്റങ്ങളിലൂടെ ഐസിസി ലക്ഷ്യമിടുന്നു. 2026 ടി20 ലോകകപ്പില്‍ പങ്കെടുത്താലും സ്കോട്ലന്ഡിന് യോഗ്യതാ ടൂര്‍ണമെന്റിലൂടെ വീണ്ടും യോഗ്യത നേടേണ്ടിവരുമെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

