ന്യൂഡൽഹി: 2027-ലെ വിപണി പ്രവേശനത്തിന് മുന്നോടിയായി റെനോയുടെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ചർച്ചയാകുന്നു. ഇന്ത്യൻ വിപണിയിൽ റെനോ പുറത്തിറക്കുന്ന ഏറ്റവും വലിയ എസ്‌യുവി എന്ന പ്രത്യേകതയുമായി എത്തുന്ന ഈ വാഹനം, സഫാരി, എക്സ്‌യുവി 700, അൽകാസർ, എംജി സ്റ്റാർലൈറ്റ് തുടങ്ങിയ പ്രമുഖ മോഡലുകൾക്ക് കടുത്ത വെല്ലുവിളിയാകും ഉയർത്തുക. വാഹനത്തിന്റെ ഇന്ത്യയിലുള്ള പ്രാദേശിക പരീക്ഷണങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പുതിയ ഡസ്റ്റർ പങ്കുവെക്കുന്ന ആർജിഎംപി (RGMP) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവിയും നിർമ്മിക്കുന്നത്. നീളമേറിയ റൂഫ്‌ലൈനും പിൻ ഓവർഹാംഗും വാഹനത്തിന് കൂടുതൽ ഇടസൗകര്യം നൽകുന്നു. വലിയ പിൻ ക്വാർട്ടർ ഗ്ലാസുകൾ, ആകർഷകമായ റൂഫ് റെയിലുകൾ, കട്ടിയുള്ള വീൽ ആർച്ചുകൾ എന്നിവ ഡിസൈനിന് കരുത്ത് പകരുന്നു. ഡോർ ഹാൻഡിലുകളുടെ സ്ഥാനം, ബോഡി ക്ലാഡിംഗ് തുടങ്ങിയവ ഡസ്റ്ററിനോട് സാമ്യം പുലർത്തുന്നുണ്ടെങ്കിലും, നീളമുള്ള ബോഡി ഘടന ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഇന്റീരിയറും അത്യാധുനിക ഫീച്ചറുകളും വാഹനത്തിലുണ്ടാകും. സുരക്ഷ വർധിപ്പിക്കുന്നതിനായി എഡിഎഎസ് (ADAS) സാങ്കേതികവിദ്യയും പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, 2026-ന്റെ അവസാനത്തോടെ പുതിയ ഡസ്റ്ററിൽ 1.8 ലിറ്റർ ഹൈബ്രിഡ് എൻജിൻ കൂടി ഉൾപ്പെടുത്താൻ റെനോ പദ്ധതിയിടുന്നുണ്ട്. ശക്തമായ എസ്‌യുവി ഐഡന്റിറ്റിയും മികച്ച ഉൾവശവും കൊണ്ട് ഈ വിഭാഗത്തിൽ മുന്നിലെത്താനാണ് കമ്പനിയുടെ ശ്രമം.

