ഹൈദരാബാദ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ പദവിയിലേക്കുള്ള ദൂരം കുറച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 80 റണ്‍സ് നേടിയതോടെ ഗില്ലിന്റെ റേറ്റിങ് പോയിന്റ് 793-ല്‍ നിന്ന് 803-ലേക്ക് ഉയര്‍ന്നു. നിലവില്‍ 814 പോയിന്റുമായി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് പട്ടികയില്‍ ഒന്നാമത്.
കഴിഞ്ഞ വര്‍ഷം അവസാനത്തിലും ഈ വര്‍ഷം തുടക്കത്തിലും ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്നു ഗില്‍. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള മികച്ച അവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഡാരില്‍ മിച്ചലിന് മൂന്ന് ഏകദിനങ്ങള്‍ കൂടി കളിക്കാനുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും അര്‍ധസെഞ്ചുറി നേടുകയും ചെയ്ത അക്ഷര്‍, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. 213 റേറ്റിങ് പോയിന്റാണ് നിലവില്‍ താരത്തിനുള്ളത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലില്ലാത്ത രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 17-ാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 258 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ, 45.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റും 57 റണ്‍സും സ്വന്തമാക്കിയ അക്ഷര്‍ പട്ടേലായിരുന്നു മത്സരത്തിലെ താരം.

