തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ആവശ്യമില്ലെന്നും അതിനാൽ സംഘടന പിരിച്ചുവിടണമെന്നും സിപിഎം മുൻ മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു. സിനിമാരംഗത്ത് നിലനിൽക്കുന്ന ഗ്രൂപ്പിസത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ‘അമ്മ’ മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സാധാരണ ജനങ്ങൾക്ക് ഈ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും മുൻകൈ എടുക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ ഇത്തരം പ്രവണതകൾ പൊതുസമൂഹത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ പ്രതികരണം.
ഇതിനൊപ്പം തന്നെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. തന്നെ ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച എം.വി. ഗോവിന്ദൻ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ അദ്ദേഹമാണ് യഥാർത്ഥ വർഗവഞ്ചകനെന്നും സുധാകരൻ കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദന്റെ ഭാഷാപ്രയോഗങ്ങളെയും പ്രസംഗശൈലിയെയും പരിഹസിച്ച അദ്ദേഹം, ജനങ്ങളോട് സംസാരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും കൂട്ടിച്ചേർത്തു. സി.എച്ച്. കണാരൻ, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കളുടെ കാലഘട്ടത്തിൽ പാർട്ടിയിൽ പ്രവർത്തിച്ച തനിക്ക് പാർട്ടിയിലെ ചരിത്രപരമായ പശ്ചാത്തലം വ്യക്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

