തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും പർച്ചേസുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിർദേശം. കഴിഞ്ഞ പത്തുവർഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളുടെ സംഭരണം, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം എന്നിവയും ഇവയുടെ നിലവിലെ പ്രവർത്തനക്ഷമതയും സമിതി സമഗ്രമായി പരിശോധിക്കും. പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിലൂടെ വാങ്ങിയ ഉപകരണങ്ങളും, കോവിഡ് കാലത്ത് വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ജനറേറ്ററുകൾ തുടങ്ങിയവയും അന്വേഷണ പരിധിയിൽ ഉൾപ്പെടും.
വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. പല ഉപകരണങ്ങളും കമ്മീഷൻ ചെയ്യാതെയും, പരിപാലനം ലഭിക്കാത്തതിനെത്തുടർന്ന് പ്രവർത്തനരഹിതമായതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള വിലയേറിയ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. സമാനമായ സാഹചര്യം മറ്റ് സർക്കാർ ആശുപത്രികളിലും ഉണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടൽ. അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

