നാടക രംഗത്ത് കരിയർ സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരമൊരുക്കി നാഷനൽ സ്കൂൾ ഓഫ് ഡ്രാമ (NSD). 3 വർഷത്തെ ഡിപ്ലോമ പ്രോഗ്രാമുകൾക്കും ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് 17-ാം തീയതി വരെ ഔദ്യോഗിക വെബ്സൈറ്റായ nsd.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കോഴ്സ് വിവരങ്ങളും സ്കോളർഷിപ്പും:
ഡൽഹി ക്യാംപസിൽ നടക്കുന്ന 3 വർഷ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ് പ്രോഗ്രാമിൽ മൊത്തം 29 സീറ്റുകളാണുള്ളത്. ജൂലൈ 15 ന് ക്ലാസുകൾ തുടങ്ങും. കോഴ്സിന്റെ ആദ്യ പകുതിക്ക് ശേഷം വിദ്യാർഥികൾക്ക് ആക്ടിങ് അല്ലെങ്കിൽ ഡിസൈൻ ആൻഡ് ഡയറക്‌ഷൻ എന്നിവയിലൊന്ന് സ്പെഷലൈസേഷനായി തിരഞ്ഞെടുക്കാം. ഡിസൈൻ ആൻഡ് ഡയറക്‌ഷൻ വിഭാഗത്തിൽ 5 സീറ്റുകൾ മാത്രമാണുള്ളത്. പഠനച്ചെലവുകൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 9,500 രൂപ വീതം സ്കോളർഷിപ്പ് നൽകും.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, കുറഞ്ഞത് 6 നാടകങ്ങളിലെങ്കിലും പ്രവർത്തിച്ച പരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്സാണ്.
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ (ഒരു വർഷം):
വിവിധ റീജിയണൽ സെൻ്ററുകളിലായാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത്. ഓരോ കേന്ദ്രത്തിലും 20 സീറ്റുകൾ വീതമുണ്ട്:
- ബെംഗളൂരു: ആക്ടിങ് (Acting)
- വാരാണസി (യുപി): ഇന്ത്യൻ ക്ലാസിക്കൽ തിയറ്റർ (Indian Classical Theatre)
- ഗാങ്ടോക്ക് (സിക്കിം): ഡ്രമാറ്റിക് ആർട്സ് (Dramatic Arts)
- അഗർത്തല (ത്രിപുര): തിയറ്റർ ഇൻ എജ്യുക്കേഷൻ (നാടകാധ്യാപകർക്കുള്ള പരിശീലനം)
യോഗ്യത: ബിരുദവും, 4 നാടകങ്ങളിൽ എങ്കിലും പ്രവർത്തിച്ചതിൻ്റെ രേഖകളുമാണ് യോഗ്യത. പ്രതിമാസം 6,000 രൂപ സ്കോളർഷിപ്പുണ്ട്. ഉയർന്ന പ്രായപരിധി 30 വയസ്സ്.
തിരഞ്ഞെടുപ്പ് നടപടികൾ:
മെയ് മാസത്തിൽ നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവരെ ഡൽഹിയിൽ വെച്ച് നടക്കുന്ന 5 ദിവസത്തെ പ്രത്യേക വർക്‌ഷോപ്പിലേക്ക് ക്ഷണിക്കും. ദക്ഷിണേന്ത്യയിലെ വിദ്യാർഥികൾക്ക് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 50 രൂപയാണ് അപേക്ഷാ ഫീസ്.

