ഗുവാഹത്തി: നിരോധിത ഭീകരസംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്റ്) സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന വലിയ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകര്‍ത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ സംഘടനയുടെ രണ്ട് പ്രധാന കമാന്‍ഡര്‍മാരെ പോലീസ് പിടികൂടി. ഹുമന്‍ ജ്യോതി ബര്‍വ, പപ്പു മോറന് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍ നിന്ന് രണ്ട് എകെ-56 റൈഫിളുകള്‍, വന്‍തോതില്‍ വെടിയുണ്ടകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ടിന്‍സുകിയ മേഖലയിലെ നിരപരാധികളായ ഗ്രാമീണരെ ലക്ഷ്യമാക്കി ആക്രമണം നടത്തി സംസ്ഥാനത്ത് ഭീതിയും അശാന്തിയും വിതയ്ക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ ജാഗുന്‍ മേഖലയില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ട കേസിലും പിടിയിലായ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന നിര്‍ണായക വിവരം പുറത്തുവന്നിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തന ശൃംഖല, ആയുധവിതരണ മാര്‍ഗങ്ങള്‍, മറ്റ് ഗൂഢാലോചനകള്‍ എന്നിവയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും സമാന ഭീഷണികള്‍ നേരിടാന്‍ ജാഗ്രത തുടരുകയുമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

