കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കൊച്ചിയിലേക്ക്. 2002-ൽ ബ്രസീലിന് ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ താരങ്ങളും ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖരും നേർക്കുനേർ വരുന്ന സൗഹൃദപ്പോരാട്ടം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റെ ടിക്കറ്റ് പ്രകാശനം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.
ബ്രസീൽ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവർ വീണ്ടും ബൂട്ട് കെട്ടി മൈതാനത്തിറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ്, അമാറൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാര, ഡിയോഗോ എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ബ്രസീൽ പക്ഷത്തുള്ളത്. മലയാളി താരം ഐ.എം. വിജയൻ നയിക്കുന്ന ഇന്ത്യൻ നിരയിൽ സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങിയ മുൻകാല സൂപ്പർ താരങ്ങളും അണിനിരക്കും.
ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കം ഇന്ത്യയിലെത്തിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ ആഗോള ടൂറിന്റെ ഭാഗമായി ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് നഗരങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ മികച്ച വിജയത്തിന് ശേഷം ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്.
ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. ലോകകപ്പ് ഹീറോകളെ നേരിൽ കാണാനും അവരുടെ കളിശൈലി ആസ്വദിക്കാനും വൻ ജനാവലി തന്നെ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

