വാഷിങ്ടൺ: 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സ്പെയിൻ ഇന്ന് കേപ് വെർദെയെ നേരിടാനിരിക്കെ, ആരാധകർക്ക് നിരാശ നൽകുന്ന പ്രഖ്യാപനവുമായി മുഖ്യപരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ. ടീമിലെ സൂപ്പർ വിങ്ങർ ലാമിൻ യമാൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലേറ്റ പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന പതിനെട്ടുകാരനായ താരം പകരക്കാരുടെ ബെഞ്ചിലായിരിക്കും ഉണ്ടാവുക. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ സബ്സ്റ്റിറ്റിയൂട്ടായി താരം മൈതാനത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമാൽ കളിക്കാൻ പൂർണ്ണ സജ്ജനാണെങ്കിലും ആദ്യ മിനിറ്റ് മുതൽ ഇറക്കി റിസ്ക് എടുക്കാൻ ടീം മാനേജ്മെന്റ് തയ്യാറല്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പന്തുതട്ടാൻ താരത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശീലകൻ അറിയിച്ചു. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിലും നിക്കോ വില്യംസ്, വിക്ടർ മുനോസ് എന്നീ പ്രമുഖ വിങ്ങർമാരെയും ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കി ബെഞ്ചിലിരുത്താനാണ് തീരുമാനം.
ഇത്തവണത്തെ ലോകകപ്പിൽ ശ്രദ്ധേയമായ മറ്റൊരു അപൂർവ്വതയുമായാണ് സ്പാനിഷ് ടീം കളത്തിലിറങ്ങുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി റയൽ മാഡ്രിഡ് ക്ലബ്ബിലെ ഒരൊറ്റ താരം പോലും ഇല്ലാതെയാണ് സ്പെയിൻ ലോകകപ്പിനായി അണിനിരക്കുന്നത്. എങ്കിലും കിരീട സാധ്യതയുള്ള പ്രമുഖ ടീമുകളിൽ ഒന്നാണ് സ്പെയിൻ. ടീമിന്റെ കരുത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച പരിശീലകൻ, മികച്ച കളിക്കാരെ ഒഴിവാക്കി സ്ക്വാഡ് തിരഞ്ഞെടുക്കേണ്ടി വന്നത് ടീമിന്റെ നിലവാരമാണ് കാണിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിന് ശേഷം ഗ്രൂപ്പ് എച്ചിൽ സൗദി അറേബ്യ, യുറഗ്വായ് എന്നീ കരുത്തരായ ടീമുകളാണ് സ്പെയിനിന്റെ മറ്റ് എതിരാളികൾ.

