ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മുന്നോടിയായി, ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധേയമായ ലയണൽ മെസിയും കൗമാരതാരം ലമീൻ യമാലും ഒരുമിച്ചുള്ള പഴയ ബാത്ത്‌ടബ് ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വർഷങ്ങൾക്ക് മുൻപ് യൂണിസെഫിന്റെ ഫോട്ടോഷൂട്ടിനിടെ പകർത്തിയ ആ ചിത്രത്തെക്കുറിച്ച് അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി ആദ്യമായി പ്രതികരണവുമായി രംഗത്തെത്തി.
അമേരിക്കൻ ഫുട്‌ബോൾ ഇതിഹാസം ടോം ബ്രാഡിയുമായുള്ള സംഭാഷണത്തിനിടെയാണ് മെസി ഈ വൈറൽ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഒരുകാലത്ത് തന്റെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് ഇന്ന് ലോകകപ്പ് ഫൈനലിൽ എതിരാളിയായി കളിക്കാനെത്തുന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത സമയത്ത് യമാൽ ഒരു കുഞ്ഞായിരുന്നുവെന്നും, ഇപ്പോൾ ലോകകപ്പ് ഫൈനലിൽ നേരിട്ടുള്ള എതിരാളിയായി അവനെ കാണുന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്നും മെസി വ്യക്തമാക്കി.
ബാഴ്‌സലോണ താരമായ ലമീൻ യമാലിന്റെ കളി മികവിനെ പ്രശംസിച്ച മെസി, ഏറെക്കാലമായി താരത്തിന്റെ വളർച്ച ശ്രദ്ധിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. ഫൈനലിൽ മികച്ച മത്സരം കാഴ്ചവെക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുമ്പോഴും, വിജയം സ്‌പെയിനിനും യമാലിനും അനുകൂലമാകരുതെന്ന ആഗ്രഹം ചിരിച്ചുകൊണ്ട് മെസി പ്രകടിപ്പിച്ചു. ലോകകപ്പ് ഫൈനലിൽ വിജയിച്ചാൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടം മെസിയെ കാത്തിരിക്കുമ്പോൾ, കിരീടം ഉയർത്തിയാൽ ലോകകപ്പ് ഫൈനലിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായി ലമീൻ യമാൽ മാറും. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു തവണ മാത്രമാണ് അർജന്റീനയും സ്‌പെയിനും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്.

