ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ രൂക്ഷമാക്കി യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക തുടർച്ചയായ ഏഴാം ദിവസവും വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ നിർണായകമായ പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളും റെയിൽവേ സ്റ്റേഷനുകളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണങ്ങൾ. ഇതിന്റെ തുടർച്ചയായി തെക്കൻ ഇറാനിലെ രണ്ട് പ്രധാന പാലങ്ങൾ പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി നടത്തിയ പ്രസ്താവന മേഖലയിലെ നയതന്ത്ര തലത്തിലെ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നു.
അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് അവകാശപ്പെട്ട് ഇറാൻ രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിലെ യുഎസ് സൈനിക വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും, ഇതിൽ റീഫ്യൂവലിംഗ് വിമാനങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) അറിയിച്ചു. കൂടാതെ, ഇറാൻഷഹറിലെ സൈനികരുടെ മരണത്തിന് പ്രതികാരമായി സിറിയയിലെ അൽ-ടൻഫിലുള്ള യുഎസ് സ്പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിനു നേരെയും ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെടുന്നുണ്ടെങ്കിലും അമേരിക്ക ഇതിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് ഈ മേഖലയിൽ ഉടലെടുത്തിരിക്കുന്നത്.

