ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ യുഎസ്എ. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ അമേരിക്കൻ സംഘം, ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി വിജയം ഉറപ്പിച്ചിരുന്നു. ആക്രമണ ഫുട്ബോൾ ശൈലിയിൽ കളം നിറഞ്ഞ അമേരിക്കൻ മുന്നേറ്റത്തിന് മുന്നിൽ പരാഗ്വെയുടെ പ്രതിരോധം നിഷ്പ്രഭമാവുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി മുന്നേറിയെങ്കിലും ഏഴാം മിനിറ്റിൽ തന്നെ യുഎസ്എ ലീഡ് നേടി. വെസ്റ്റൺ മക്കെന്നി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കുന്നതിനിടെ പരാഗ്വെ മധ്യനിര താരം ഡാമിയൻ ബൊബാദില്ലയ്ക്ക് സംഭവിച്ച പിഴവ് സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. തുടർന്ന് 31-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ ക്രിസ്റ്റിയൻ പുലിസിച് നൽകിയ പാസ് സ്വീകരിച്ച് ഫ്ലോറിയൻ ബലോഗൺ അമേരിക്കയുടെ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ ആതിഥേയർ 3-0 എന്ന ശക്തമായ നിലയിൽ ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന അമേരിക്കയ്ക്ക് മുന്നിൽ പരാഗ്വെയ്ക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. 73-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോൾ മടക്കിയെങ്കിലും അത് തിരിച്ചുവരവിന് പര്യാപ്തമായിരുന്നില്ല. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, പകരക്കാരനായി ഇറങ്ങിയ ജിയോവാനി റെയ്നയിലൂടെ നാലാം ഗോളും നേടിയതോടെ അമേരിക്ക തങ്ങളുടെ ലോകകപ്പ് ജൈത്രയാത്രയ്ക്ക് ഗംഭീര തുടക്കമിട്ടു.

