ന്യൂഡൽഹി: പാസ്പോർട്ട് സേവനങ്ങൾക്കായുള്ള പുതുക്കിയ ഫീസ് ഘടന കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. നിലവിൽ 36 പേജുള്ള പാസ്പോർട്ടിന് ഈടാക്കിയിരുന്ന 1,500 രൂപ എന്നത് 2,500 രൂപയായും, 60 പേജുള്ള പാസ്പോർട്ടിന് 2,000 രൂപ എന്നുള്ളത് 3,500 രൂപയായും വർധിപ്പിച്ചു. 18 വയസ്സിൽ താഴെയുള്ളവർക്കുള്ള പാസ്പോർട്ട് ഫീസ് 1,000 രൂപയിൽ നിന്ന് 1,750 രൂപയായും ഉയർത്തിയിട്ടുണ്ട്.
തത്കാൽ സേവനങ്ങളിലും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. 36 പേജുള്ള പാസ്പോർട്ട് തത്കാൽ വഴി ലഭിക്കാൻ ഇനി 5,000 രൂപയും, 60 പേജുള്ളതിന് 6,000 രൂപയും നൽകേണ്ടി വരും. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്പോർട്ടുകൾക്ക് പകരം പുതിയത് എടുക്കുന്നതിനുള്ള തുക 5,000 രൂപ മുതൽ 8,500 രൂപ വരെയായി ഉയർത്തി. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസ് 750 രൂപയായും നിശ്ചയിച്ചു.
അതേസമയം, മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ആശ്വാസമേകുന്ന ചില ഇളവുകൾ പുതിയ വിജ്ഞാപനത്തിലുണ്ട്. എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പുതിയ പാസ്പോർട്ട് അപേക്ഷകൾക്ക് ഫീസിൽ പത്തു ശതമാനം ഇളവ് ലഭിക്കും. പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ നിരക്കുകളിൽ വന്നിരിക്കുന്ന ഈ മാറ്റം യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ, വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർ പുതിയ നിരക്കുകൾ പരിശോധിച്ച് വേണം അപേക്ഷകൾ സമർപ്പിക്കാൻ.

