കൊൽക്കത്ത: സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ കൊണ്ടുവന്ന ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് ബിൽ-2026’ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലും നടന്ന വോട്ടെടുപ്പിൽ 41-നെതിരെ 176 വോട്ടുകൾക്കാണ് ബില്ല് അംഗീകാരം നേടിയത്. ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങളുടെ മാതൃകയിലാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിക്കുന്നവർക്കും സംഘടിത അക്രമസംഘങ്ങൾക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടി ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോധ്യപ്പെടുന്ന വ്യക്തികളെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമ്മിഷണർക്കും ബില്ല് അധികാരം നൽകുന്നുണ്ട്. കൂടാതെ, പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാനും നാശനഷ്ടങ്ങൾക്ക് തുല്യമായ തുക നഷ്ടപരിഹാരമായി ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന-വന്യജീവി കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങളെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്നതിനുള്ള കരട് ബിൽ ജൂലൈ രണ്ടിന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി നടപടികൾ വേഗത്തിലാക്കുമെന്നും, ഇതിനായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാലാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

