കൊച്ചി: തൃശൂർ ലോക്സഭാമണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരസിച്ചു. ഇതോടെ ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ സുരേഷ് ഗോപി കോടതിയിൽ വിചാരണ നേരിടേണ്ടി വരും.
സി.പി.എം നേതാവായ എ.എസ്. ബിനോയിയാണ് സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ചുവെന്നും വോട്ടർമാരെ സ്വാധീനിക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ സ്വീകരിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. വോട്ടെടുപ്പിന് തലേദിവസം ശിവരാമപുരത്ത് ഉൾപ്പെടെ വോട്ടർമാർക്ക് 500 രൂപ വീതം വിതരണം ചെയ്തതായും അഡ്വ. സരോജ് പീറ്റർ മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരെ സുരേഷ് ഗോപി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ഈ നിയമപോരാട്ടം രാഷ്ട്രീയ കേരളം ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഹർജിയിലെ ആരോപണങ്ങളിൽ വരും ദിവസങ്ങളിൽ കോടതിയിൽ വിശദമായ വാദപ്രതിവാദങ്ങൾ തുടരും.
