ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് ആരംഭിച്ചു. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായകമായ ചുവടുവെപ്പായാണ് ഈ പദ്ധതിയ വിലയിരുത്തപ്പെടുന്നത്.
2026 മെയ് മാസത്തിലാണ് 10 കോച്ചുകളുള്ള ഹൈഡ്രജൻ ഡിഇഎംയു ട്രെയിനിന് റെയിൽവേ ബോർഡ് അനുമതി നൽകിയത്. ഡീസലിന് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രെയിൻ ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത് എന്നതിനാൽ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. 89 കോടി രൂപ ചെലവിൽ ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ട്രെയിനിനായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രവും റീഫ്യൂവലിംഗ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 27 ഹൈഡ്രജൻ സിലിണ്ടറുകളുള്ള ട്രെയിനിന് ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിൻ പ്രതിദിനം 356 കിലോമീറ്റർ ദൂരം സർവീസ് നടത്തും.
രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും അടങ്ങുന്നതാണ് ഈ ട്രെയിൻ സെറ്റ്. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ പദ്ധതി ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയുടെ നേട്ടമാണെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അഭിപ്രായപ്പെട്ടു. 90 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ വഴി പ്രതിദിനം 2,600-ലധികം യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. ദേശീയ തലസ്ഥാന മേഖലയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്ക് ഇത് ഉണർവേകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ‘വികസിത് ഭാരത്’, ‘ഗ്രീൻ ഇന്ത്യ’ ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.

