ദുബായ്: ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ വ്യവസായ ശാലകൾക്കും ആണവ കേന്ദ്രങ്ങൾക്കും നേരെ യുഎസ് ആക്രമണം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നത്. യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തുകയും തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് മണിക്കൂറുകൾക്കുള്ളിലാണ് പ്രത്യാക്രമണം നടന്നത്.
ബഹ്റൈനിലെ യുഎസ് നാവികസേനയുടെ കപ്പൽത്താവളത്തിലെ പ്രധാന സൗകര്യങ്ങൾ ഇറാൻ ആക്രമണത്തിൽ നശിപ്പിച്ചതായി വിവരങ്ങളുണ്ട്. യുഎസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, നേവൽ സപ്പോർട്ട് മാനേജ്മെന്റ് സെന്റർ, വെയർഹൗസുകൾ, ഇന്ധന ടാങ്കുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ബുധനാഴ്ച ജോർദാനിലെ അസ്രാഖ് വ്യോമതാവളത്തിലെ യുഎസ് സൈനിക സൗകര്യങ്ങൾക്ക് നേരെയും ഇറാൻ സൈന്യം ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിൽ വീണ്ടും അസ്വസ്ഥതകൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇറാനുമായി ധാരണയിൽ എത്താൻ സാധിച്ചില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ തുടർച്ചയായ നാലാം ദിവസമാണ് യുഎസ് സൈന്യത്തിൻ്റെ ആക്രമണം തുടരുന്നത്. ഈ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

