ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ജനകീയ പ്രക്ഷോഭങ്ങളെ സൈനിക ശക്തിയും പൊലീസ് അതിക്രമവും ഉപയോഗിച്ച് അടിച്ചമർത്തുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചു. വർഷങ്ങളായി ഈ മേഖലയിലെ ജനങ്ങൾ നേരിടുന്ന ചൂഷണത്തിന്റെയും അവകാശനിഷേധത്തിന്റെയും പ്രതിഫലനമാണ് നിലവിലെ പ്രതിഷേധങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കശ്മീരി ജനതയ്‌ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. പാക് അധീന കശ്മീരിലെ യഥാർത്ഥ സാഹചര്യം മറച്ചുവെക്കാൻ പാകിസ്ഥാൻ വ്യാജ വാർത്തകളും കൃത്രിമ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. റാവൽക്കോട്ട്, മുസാഫറാബാദ്, മിർപൂർ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഇതിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തമാക്കാൻ കാരണമായത്. ഗോതമ്പ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കും വൈദ്യുതിക്കും സബ്‌സിഡി നൽകണമെന്നും അടിസ്ഥാന പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനങ്ങൾ സമരത്തിനിറങ്ങിയത്. സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടാൻ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പാകിസ്ഥാന്റെ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജമ്മു-കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന്റെ നിയമവിരുദ്ധ അധിനിവേശമാണ് മേഖലയിലെ എല്ലാ പ്രശ്‌നങ്ങൾക്കും അടിസ്ഥാന കാരണമെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.

