റിയാദ്: യമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സൗദി വ്യോമപ്രതിരോധ സേന മിസൈൽ പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ വിവിധ ഭാഗങ്ങളിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടുള്ള സർവീസുകൾ വ്യാപകമായി റദ്ദാക്കി.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അബഹ, ജിസാന്‍, നജ്റാന്‍, ഷറൂറ എന്നീ നാല് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. അതേസമയം, ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി മന്ത്രാലയ വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
ഈ സാഹചര്യത്തിൽ കണക്ഷന്‍ വിമാനങ്ങളിലൂടെ കേരളത്തിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎഇയില്‍ നിന്നുള്ള നിരവധി സര്‍വീസുകളും റദ്ദാക്കി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് അബഹയിലേക്കുള്ള ഫ്‌ലൈദുബായ്, എയര്‍ അറേബ്യ സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്. ഇന്ന് മാത്രം അബഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന പത്തിലധികം സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

