കേരളം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപയും, ഒരു പവൻ സ്വർണത്തിന് 1,05,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 10,860 രൂപയിലും വ്യാപാരം തുടരുകയാണ്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപ എന്ന നിരക്കിലാണ് വിപണി പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലവർധനവാണ് സംസ്ഥാനത്തെ സ്വർണവിലയെ നേരിട്ട് സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,050 ഡോളർ വരെ ഉയർന്നത് വിപണിയിൽ പ്രതിഫലിച്ചു. ഡോളറിന്റെ മൂല്യവർധനവ് അവസാനിച്ചതും ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ കുറവും സ്വർണവിലയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി. കൂടാതെ, പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷകളും സ്വർണവിലയിലെ മാറ്റങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ഈ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നു.
എങ്കിലും, സ്വർണ വിപണിയിൽ പുതിയ മുന്നറിയിപ്പുകളും നിലവിലുണ്ട്. വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ ഭാവിയിൽ സ്വർണവിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിക്ഷേപകർ അതീവ ജാഗ്രതയോടെ വിപണിയെ നിരീക്ഷിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

