തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ ഏറ്റുമുട്ടലിന് പകരം സഹജീവനത്തിന് മുൻഗണന നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക 50 ശതമാനം വർധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജഗതി ജവഹർ സഹകരണ ഭവനിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വന്യജീവി ഭീഷണി നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കർമപദ്ധതി നടപ്പാക്കും. വനാതിർത്തി മേഖലയിലെ കർഷകർക്ക് ഭൂമിയുമായി ബന്ധപ്പെട്ട എൻ.ഒ.സി (NOC) നിയമതടസ്സങ്ങളില്ലെങ്കിൽ മൂന്ന് മാസത്തിനകം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മനപ്പൂർവം കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും വനം സംബന്ധമായ ചെറിയ കേസുകൾ തീർപ്പാക്കുന്നതിനുമായി ആഗസ്റ്റ് മാസത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങൾക്കായി ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്ക് ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയിട്ടുണ്ട്. ഇവരുടെ അനുമതിയോടെ കാട്ടുപന്നികളെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കാം. ഇതിനായി അംഗീകൃത ഷൂട്ടർമാരുടെ സേവനവും റൈഫിൾ ക്ലബുകളുടെ സഹായവും ലഭ്യമാക്കും. സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകളായി തിരിച്ചാണ് പ്രവർത്തനം. ഹോട്ട് സ്പോട്ടുകളിൽ എ.ഐ. അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങൾ, തൂക്കുവേലി, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടുന്ന ത്രീ-ടയർ സുരക്ഷാ സംവിധാനവും സോളാർ ഫെൻസിംഗും ഘട്ടംഘട്ടമായി പൂർത്തിയാക്കും. വന്യമൃഗങ്ങളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകളെയും 100 റെസ്ക്യൂ സംഘങ്ങളെയും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

