ന്യൂഡൽഹി: ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘റെയിൽ വൺ’ മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് നൽകുന്ന മൂന്ന് ശതമാനം നിരക്കിളവ് 2027 മാർച്ച് 31 വരെ നീട്ടിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകും.
റെയിൽവേ സ്റ്റേഷനുകളിലെ തിരക്കും നീണ്ട ക്യൂകളും ഒഴിവാക്കി പണരഹിത ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാനാണ് റെയിൽവേ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് പുറമെ ട്രെയിനുകളുടെ വരവ്, പുറപ്പെടൽ സമയം എന്നിവ കൃത്യമായി പരിശോധിക്കാനും, കോച്ചുകളിലോ സ്റ്റേഷനുകളിലോ ഉണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും റെയിൽ വൺ ആപ്പിലൂടെ സാധിക്കും.
ഇതിനൊപ്പം തന്നെ ‘ആർ-വാലറ്റ്’ (R-Wallet) സംവിധാനം വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ലഭിക്കുന്ന മൂന്ന് ശതമാനം ക്യാഷ്ബാക്ക് ആനുകൂല്യം 2028 ഓഗസ്റ്റ് 24 വരെ നീട്ടിയതായും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് റെയിൽവേയുടെ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

