തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷനുകൾ വരുത്തുന്നവർക്കെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമവിരുദ്ധമായി ഉയർന്ന ശബ്ദമുള്ള സ്പീക്കറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഏത് സമയത്തും പിടിച്ചെടുക്കുമെന്നും, ഇത്തരം മാറ്റങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും ഗതാഗതമന്ത്രി സി.പി. ജോൺ മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ നൽകുന്ന ഇളവുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളാണ് സംസ്ഥാനത്തും ബാധകമെന്നും, സുരക്ഷയെ ബാധിക്കുന്നതോ അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതോ ആയ മാറ്റങ്ങൾക്ക് യാതൊരു അനുമതിയും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് അനധികൃത മോഡിഫിക്കേഷനുകൾ സംബന്ധിച്ചും വരുംദിവസങ്ങളിൽ വിശദമായ തീരുമാനം പ്രഖ്യാപിക്കും.
വാഹനത്തിന്റെ നിറം മാറ്റൽ, പുറംഭാഗത്തേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള അധിക ഫിറ്റിങ്സുകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകൾ കർശന ഉപാധികളോടെ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കിയ ഗതാഗത വകുപ്പ്, വാഹന ഉടമകൾ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും നിർദ്ദേശിച്ചു. പൊതുനിരത്തിലെ സുരക്ഷ മുൻനിർത്തി പരിശോധനകൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

