ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിലൊരാളായ സ്റ്റീഫൻ ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. 18 വർഷം നീണ്ട നീണ്ട സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ താരമായാണ് ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്.
2009 മുതൽ ഹെഡ് കോച്ചായി ചുമതലയേറ്റ അദ്ദേഹം, മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ-കോച്ച് കൂട്ടുകെട്ടുകളിലൊന്ന് സൃഷ്ടിച്ചു. ഫ്ലെമിങ്ങിന്റെ പരിശീലനത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ അഞ്ച് ഐപിഎൽ കിരീടങ്ങളും 2010, 2014 വർഷങ്ങളിൽ രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. കൂടാതെ റെക്കോർഡ് 12 തവണ പ്ലേ ഓഫിലും 10 തവണ ഫൈനലിലും ടീം ഇടംപിടിച്ചു. 2016-17 സീസണിലെ വിലക്കിന് ശേഷം 2018-ൽ തിരിച്ചെത്തി കിരീടം നേടിയത് അദ്ദേഹത്തിന്റെ പരിശീലന മികവിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിലെ ടീമിന്റെ പ്രകടനം വലിയ മാറ്റങ്ങളിലേക്ക് നയിച്ചു. 2024-ൽ അഞ്ചാം സ്ഥാനത്തും, 2025-ൽ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്ത ടീമിന് 2026-ലും പ്ലേ ഓഫിലെത്താനായില്ല. ഫ്ലെമിങ്ങിന്റെ കാലയളവിൽ ആദ്യമായാണ് സിഎസ്കെ തുടർച്ചയായി മൂന്ന് സീസണുകളിൽ പ്ലേ ഓഫിന് പുറത്താകുന്നത്. ഐപിഎൽ ടീമിന് പുറമെ ജൊഹന്നസ്ബെർഗ് സൂപ്പർ കിങ്സ്, ടെക്സാസ് സൂപ്പർ കിങ്സ് ടീമുകളിലെ പരിശീലക സ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. പകരക്കാരനെ ഫ്രാഞ്ചൈസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ഹെഡ് കോച്ചിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. ഹേമംഗ് ബദാനി, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരുകൾ പകരക്കാരായി ക്രിക്കറ്റ് വൃത്തങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട്.

