തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ലെന്നും, ഇനിയും ഇടപെടില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ഹിന്ദുസമൂഹത്തിലെ ശക്തമായ സമുദായ സംഘടനയായ എൻഎസ്എസിനെയും അതിന്റെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും വലിയ ബഹുമാനത്തോടെയാണ് ബിജെപി കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കേരളത്തിലെത്തിയപ്പോൾ എല്ലാവിധ പിന്തുണയും സഹായവും നൽകിയ വ്യക്തിയാണ് സുകുമാരൻ നായർ എന്നും, അദ്ദേഹവുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയെയും നേതൃത്വത്തെയും അതീവ ഉത്തരവാദിത്വത്തോടെയാണ് പാർട്ടി സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയമല്ലെന്നും അതിൽ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ബിജെപിയിലെ ആരെങ്കിലും പരസ്യപ്രതികരണം നടത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അഴിമതിക്കാരായ എൽഡിഎഫ് നേതൃത്വത്തിന് സംരക്ഷണം നൽകുന്ന സർക്കാർ നടപടികളെ വിശ്വാസിസമൂഹത്തോടൊപ്പം ചേർന്ന് ജനാധിപത്യപരമായി ചെറുത്തുതോൽപ്പിക്കുമെന്നും, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിൽ ബിജെപി എക്കാലവും വിശ്വാസികൾക്കൊപ്പമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

