ആലുവ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ ഹബ്ന റുബ്ഷിക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.
ഏപ്രിൽ 29-നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പ്രതിരോധ കുത്തിവെപ്പിന് ശേഷം അനുഭവപ്പെട്ട പനി കുറയ്ക്കുന്നതിനായി നിർദ്ദേശിച്ച പാരസെറ്റമോൾ സിറപ്പിന്റെ അളവ് കൂടിയതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. മരുന്ന് നൽകുന്നതിനായി ഉപയോഗിച്ച ഫില്ലറിൽ സംഭവിച്ച പിഴവാണ് അമിത അളവിൽ മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെത്താൻ ഇടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
മരുന്ന് അമിതമായി ഉള്ളിൽച്ചെന്നതിനെ തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ദിവസത്തോളം കുഞ്ഞിന് ചികിത്സയിൽ കഴിയേണ്ടി വന്നതായും ഇതിനായി എണ്ണായിരത്തോളം രൂപ ചെലവായതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത (BNS) 125(എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

