പാരീസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിൽ പ്രവേശിച്ചതിന് പിന്നാലെ, ഫ്രഞ്ച് നായകൻ എംബാപ്പെയ്‌ക്കെതിരെ പരാഗ്വേ സെനറ്റർ സെലെസ്റ്റെ അമരില്ല നടത്തിയ വംശീയ അധിക്ഷേപം കടുത്ത വിവാദമായി. തന്നെ ലക്ഷ്യമിട്ട് നടത്തിയ വംശീയ ആക്രമണത്തെ എംബാപ്പെ ശക്തമായി അപലപിച്ചു. സെനറ്ററെ ‘നിന്ദ്യയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ച താരം, വംശീയതയ്‌ക്കും വിദ്വേഷത്തിനും ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഫിലാഡൽഫിയയിൽ നടന്ന മത്സരത്തിൽ എംബാപ്പെയുടെ പെനാൽറ്റി ഗോളിലൂടെയായിരുന്നു ഫ്രാൻസിന്റെ വിജയം.
മത്സരശേഷം സമൂഹമാധ്യമങ്ങളിലൂടെ എംബാപ്പെയുടെ പാരമ്പര്യത്തെയും വംശീയ പശ്ചാത്തലത്തെയും സെലെസ്റ്റെ അമരില്ല അധിക്ഷേപിച്ചിരുന്നു. പരാഗ്വേ താരങ്ങൾ എംബാപ്പെയെ ‘അടിക്കേണ്ടിയിരുന്നു’ എന്ന് വരെ അവർ പരാമർശിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച എംബാപ്പെ, ഇത്തരം അഭിപ്രായങ്ങൾ പരാഗ്വേ ജനതയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. തന്റെ അശ്രദ്ധമായ വാക്കുകൾ വഴി പരാഗ്വേ ടീമിന്റെ മികച്ച ലോകകപ്പ് പ്രകടനത്തിന് മങ്ങലേൽപ്പിച്ചെന്നും താരം കുറ്റപ്പെടുത്തി. അതേസമയം, സെനറ്ററുടെ പ്രസ്താവനകളിൽ നിന്ന് പരാഗ്വേ സർക്കാരും ദേശീയ കോൺഗ്രസും പൂർണമായി അകലം പാലിച്ചു. ഈ അഭിപ്രായങ്ങൾ രാജ്യത്തിന്റെയോ ജനങ്ങളുടെയോ നിലപാടല്ലെന്നും മനുഷ്യാന്തസ്സിന് വിരുദ്ധമായ ഇത്തരം പ്രസ്താവനകളെ അപലപിക്കുന്നുവെന്നും സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി.
വംശീയ അധിക്ഷേപത്തിൽ നടപടി ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) നിയമനടപടികളിലേക്ക് നീങ്ങുകയാണ്. സെനറ്ററുടെ പരാമർശങ്ങൾ അത്യന്തം വെറുപ്പുളവാക്കുന്നതാണെന്നും ഇത് കുറ്റകരമായതിനാൽ പൊതു പ്രോസിക്യൂട്ടർക്ക് പരാതി നൽകുമെന്നും ഫെഡറേഷൻ അറിയിച്ചു. ഫ്രഞ്ച് ടീമിലെ താരങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രാൻസ് അസിസ്റ്റന്റ് പരിശീലകൻ ഗൈ സ്റ്റീഫനും സംഭവത്തെ ശക്തമായി വിമർശിച്ചു. രാഷ്ട്രീയവും കായികവും തമ്മിലുള്ള വേർതിരിവ് പാലിക്കണമെന്നും വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ എംബാപ്പെയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

