ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ജക്കാര്‍ത്തയിലെത്തിയ പ്രധാനമന്ത്രിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിക്ക് പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് ആകാശ അകമ്പടിയൊരുക്കി. രാഷ്ട്രത്തലവന്മാര്ക്ക് മാത്രം നല്കുന്ന പ്രത്യേക നയതന്ത്ര ബഹുമതിയാണിത്. 2018-ല്‍ ഇരുരാജ്യങ്ങളും ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി ഉയര്‍ത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. പ്രബോവോ സുബിയാന്റോയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാര്‍, പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, സാമ്പത്തിക ബന്ധം എന്നിവ ചര്‍ച്ചയാകും. നിലവില്‍ ഇന്ത്യ-ഇന്‍ഡോനേഷ്യ വ്യാപാരം 28.15 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ നിക്കല്‍ ശേഖരത്തിന്റെ വലിയൊരു ഭാഗം കൈവശമുള്ള ഇന്‍ഡോനേഷ്യയുമായി നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചകളില്‍ പ്രധാനമാണ്.
ഇന്‍ഡോനേഷ്യയുമായുള്ള സമഗ്ര തന്ത്രപര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യോഗ്യകാര്‍ത്തയിലെ യുനെസ്കോ പൈതൃക പട്ടികയിലുള്ള പ്രംബനന്‍ ക്ഷേത്രസമുച്ചയവും സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി സന്ദര്‍ശിക്കും. ഇന്‍ഡോനേഷ്യയിലെ പരിപാടികള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ക്ഷണപ്രകാരം മെല്‍ബണിലേക്കും, തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡിലേക്കും അദ്ദേഹം യാത്രതിരിക്കും. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം, ‘മഹാസാഗര്‍’ ദര്‍ശനം, സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയോടുള്ള പ്രതിബദ്ധത എന്നിവ ഈ സന്ദര്‍ശനങ്ങളിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

