ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ജൂഡോ താരം തുലിക മാനെ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) താത്കാലികമായി സസ്പെൻഡ് ചെയ്തു. ഇതോടെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. 12 മാസത്തിനിടെ മൂന്ന് തവണ ‘വെയർഎബൗട്ട്സ്’ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ ചട്ടപ്രകാരം ഈ കുറ്റത്തിന് രണ്ട് വർഷം വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ +78 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തുലിക, ഗ്ലാസ്ഗോയിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊന്നായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഒരു ഇന്ത്യൻ ജൂഡോ താരം ഗെയിംസിൽ നിന്ന് പുറത്താകുന്നത്. നേരത്തെ, പുരുഷ വിഭാഗം 73 കിലോഗ്രാം താരം അരുൺ കുമാറിനെ മത്സരത്തിന് പുറത്തുള്ള പരിശോധനയിൽ അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ 27-ന് ഇന്ത്യൻ സംഘം ഗ്ലാസ്ഗോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് പ്രധാന താരങ്ങൾ ടീമിൽ നിന്ന് പുറത്തായത്.
ജൂലൈ 31-നാണ് ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. തുലികയുടെ കാര്യത്തിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതല്ല ആരോപണമെന്നത് ശ്രദ്ധേയമാണ്. രജിസ്റ്റേഡ് ടെസ്റ്റിംഗ് പൂളിലുള്ള താരങ്ങൾ തങ്ങളുടെ പരിശീലന കേന്ദ്രം, താമസസ്ഥലം, പരിശോധനയ്ക്ക് ലഭ്യമാകുന്ന സമയം എന്നിവ നാഡയെ കൃത്യമായി അറിയിക്കണമെന്നുണ്ട്. 12 മാസത്തിനിടെ മൂന്ന് തവണ ഈ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുകയോ പരിശോധനയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്നത് ഡോപിങ് ചട്ടലംഘനമായി കണക്കാക്കും. പാരീസ് ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള തുലികയുടെ അഭാവം വനിതകളുടെ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.

