തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ തകർക്കപ്പെട്ട ടാക്സി വാഹനത്തിന് ഇഡി നഷ്ടപരിഹാരം നൽകി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം ഒന്നര ലക്ഷം രൂപ കൈമാറിയത്.
വീണ വിജയന്റെ ബേക്കറി ജംഗ്ഷന് സമീപമുള്ള വസതിയിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രതിഷേധമുണ്ടായപ്പോഴാണ് ടാക്സി ആക്രമിക്കപ്പെട്ടത്. കല്ലേറിലും അക്രമത്തിലും വാഹനത്തിന്റെ ചില്ലുകളും ബോഡി ഭാഗങ്ങളും പൂർണമായും തകർന്നിരുന്നു. ഈ സംഭവം ഡ്രൈവർക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. വാഹനത്തിനുണ്ടായ മുഴുവൻ നാശനഷ്ടങ്ങളും കണക്കാക്കിയ ശേഷമാണ് ഇഡി നഷ്ടപരിഹാരത്തുക കൈമാറിയത്.
സംഭവത്തിന് പിന്നാലെ ടാക്സി ഡ്രൈവർക്കുണ്ടായ നഷ്ടം പാർട്ടി വഹിക്കുമെന്ന് സിപിഎം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നിരവധി പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ പാളയം ലോക്കൽ സെക്രട്ടറി ഐ. പി ബിനു അടക്കമുള്ള പ്രതികൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

