ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ഫുട്ബോൾ ടീമിന് ലഭിച്ച സമ്മാനത്തുകയുടെ വലിയൊരു വിഹിതം അമേരിക്കൻ സർക്കാരിന് നികുതിയായി നൽകേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ സ്പെയിനിന് ലഭിച്ച 5 കോടി ഡോളർ (ഏകദേശം 482 കോടി രൂപ) സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം വരെ ഫെഡറൽ നികുതി ഈടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
2026 ലോകകപ്പിലെ മത്സരങ്ങൾ അമേരിക്കയിൽ നടന്നതിനാൽ, ആ രാജ്യത്തെ നിയമപ്രകാരം അവിടെനിന്നു ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കാൻ യുഎസ് ഭരണകൂടത്തിന് അധികാരമുണ്ട്. വിദേശ കായികതാരങ്ങൾക്കും സംഘടനകൾക്കും അമേരിക്കയിൽ ലഭിക്കുന്ന വരുമാനത്തിന് സാധാരണയായി 30 ശതമാനം ഫെഡറൽ നികുതിയാണ് ബാധകമാകുന്നത്. ഇതിനു പുറമെ, മത്സരങ്ങൾ നടന്ന അതത് സംസ്ഥാനങ്ങളും പ്രത്യേക നികുതി ഈടാക്കും. ഫൈനൽ നടന്ന ന്യൂജേഴ്സിയിൽ 10.75 ശതമാനം വരെയും, കാലിഫോർണിയയിൽ 13.3 ശതമാനം വരെയും സംസ്ഥാന ആദായനികുതി ബാധകമായേക്കാം. മുൻ ലോകകപ്പുകളിൽ ആതിഥേയ രാജ്യങ്ങൾ ഫിഫയ്ക്കും ടീമുകൾക്കും നികുതി ഇളവുകൾ നൽകാറുണ്ടെങ്കിലും, ഇത്തവണ അത്തരമൊരു ഇളവ് ലഭിച്ചിട്ടില്ല.
ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാർക്ക് നൽകുന്നതിന് പകരം അതത് രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്കാണ് കൈമാറുന്നത്. തുടർന്ന് ഫെഡറേഷനുകളാണ് കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനും വിഹിതം വിതരണം ചെയ്യുന്നത്. അമേരിക്കയും സ്പെയിനും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ നിലവിലുണ്ടെങ്കിലും, വലിയ തുകകൾക്ക് ഇത് പൂർണ്ണമായും ബാധകമല്ലെന്നാണ് വിലയിരുത്തൽ. അതിനൊപ്പം സ്പെയിനിലെ ആഭ്യന്തര നികുതി നിയമങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന തുകയിൽ ഗണ്യമായ കുറവുണ്ടാകും. അതിനിടെ, വിദേശ കായികതാരങ്ങളിൽ നിന്ന് വലിയ തോതിൽ നികുതി ഈടാക്കുന്നതിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ടിം ബർചെറ്റ് ഉൾപ്പെടെയുള്ളവർ ഈ നയത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

