ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ വിഷയത്തിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചതാണെന്നും, എന്നാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും രാഹുൽ ഗാന്ധി പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് മുൻ നിലപാടിൽ നിന്ന് പിന്മാറിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചു.
ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും, നിലവിൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
ഇതിനുമുമ്പ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ നേതൃത്വത്തിൽ ലോക് കല്യാൺ മാർഗിന് സമീപം പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം, പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

