ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലുള്ള ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ പുതിയ ഇടനാഴി (കോറിഡോര്‍) പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ നിര്‍വഹിക്കും. ക്ഷേത്രപരിസരം സന്ദര്‍ശിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി ഔദ്യോഗികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. അയോധ്യയിലെ രാമക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ് കോറിഡോര്‍ എന്നിവയുടെ മാതൃകയില്‍ ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെയും അന്താരാഷ്ട്ര നിലവാരമുള്ള പ്രധാന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
200 കോടി രൂപ ചെലവില്‍ ഏകദേശം 20 ബീഘ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന 127 വീടുകളും വ്യാപാര സ്ഥാപനങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിനായി നിയമപരമായ രേഖകളുള്ള ഉടമകള്‍ക്ക് 48 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ക്ഷേത്രത്തിന് ചുറ്റുമായി വിശാലമായ പ്രദക്ഷിണപാത, മനോഹരമായ പ്രവേശന കവാടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ലോക്ക് റൂം, ശുചിമുറികള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള അമൃത് സരോവറിന്റെ നവീകരണവും തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തുന്നതിലൂടെ ബാരാബങ്കിയിലും സമീപ ജില്ലകളിലും ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് പ്രാദേശിക വ്യാപാരത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ തോതില്‍ സഹായകരമാകും. ശ്രാവണ മാസത്തിലും മഹാശിവരാത്രി ദിനത്തിലും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്ര കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളെ ലോകോത്തര തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്.

