വാഷിങ്ടൺ: അമേരിക്കയിലെ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ ബാധിച്ചേക്കാവുന്ന നിർണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരെ ഈ മേഖലയിൽ നിയമിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ ഉച്ചകോടിയിലാണ് ട്രംപ് ഈ നയപരമായ മാറ്റം വ്യക്തമാക്കിയത്.
കുടിയേറ്റ ട്രക്ക് ഡ്രൈവർമാരിൽ പലർക്കും ആവശ്യമായ രേഖകളോ കൃത്യമായ ലൈസൻസോ ഇല്ലെന്നും, ചിലർ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചു. സൈന്യത്തിൽ ഹെവി വാഹനങ്ങൾ ഓടിച്ച് പരിചയസമ്പന്നരായ വിമുക്തഭടന്മാർക്ക് നേരിട്ട് കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് നൽകുന്ന സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള ഈ സംവിധാനം വഴി കൂടുതൽ തൊഴിലവസരങ്ങൾ വിമുക്തഭടന്മാർക്ക് ലഭ്യമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
ഈ നീക്കം യാഥാർഥ്യമായാൽ അമേരിക്കയിലെ ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവിധ കണക്കുകൾ പ്രകാരം പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 1.3 മുതൽ 1.5 ലക്ഷം വരെ ഇന്ത്യൻ വംശജർ അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച പരിശോധനകൾ അമേരിക്കൻ ഭരണകൂടം കർശനമാക്കിയിരുന്നു. നിർബന്ധിത ഇംഗ്ലീഷ് പരിജ്ഞാന പരിശോധനയും പുതിയ ലൈസൻസിംഗ് മാനദണ്ഡങ്ങളും ഇതിനകം തന്നെ കുടിയേറ്റ തൊഴിലാളികൾക്ക് കനത്ത വെല്ലുവിളിയായിട്ടുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനം നടപ്പിലായാൽ അമേരിക്കയിലെ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.

