ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻമാർക്ക് ട്രോഫിക്കൊപ്പം പ്രത്യേക ‘വേൾഡ് കപ്പ് വിന്നേഴ്സ് റിങ്’ സമ്മാനിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഞായറാഴ്ച മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന-സ്പെയിൻ ഫൈനലിലെ വിജയികൾക്കാണ് ഈ അപൂർവ ബഹുമതി ലഭിക്കുക. അമേരിക്കൻ കായിക മേഖലയിൽ ഏറെ പ്രശസ്തമായ ‘ചാമ്പ്യൻഷിപ്പ് റിങ്’ സമ്പ്രദായം ഫുട്ബോളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
എൻഎഫ്എൽ സൂപ്പർ ബൗൾ ജേതാക്കൾക്ക് വർഷങ്ങളായി വിജയ മോതിരം സമ്മാനിക്കുന്ന മാതൃകയാണ് ഫിഫ ഇതിനായി പിന്തുടരുന്നത്. ലോകകപ്പ് ജേതാക്കൾക്കായി 30 പ്രത്യേക റിങ്ങുകളാണ് ഇതിനകം തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമെ, ആരാധകർക്കായി 1,996 സ്മാരക റിങ്ങുകൾ വിപണിയിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ റിങ്ങിലും ചെറിയ ലോകകപ്പ് ട്രോഫിയുടെ രൂപവും പ്രത്യേക കൊത്തുപണികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈനൽ മത്സരത്തിന് ശേഷം ട്രോഫിക്കൊപ്പം വിജയ റിങ്ങുകൾ സമ്മാനിക്കുന്നത് ഡൊണാൾഡ് ട്രംപ് ആയിരിക്കും.
ലോകകപ്പിലെ 102 മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന ഡൊണാൾഡ് ട്രംപ് ആദ്യമായാണ് ടൂർണമെന്റിൽ നേരിട്ട് പങ്കെടുക്കുന്നത്. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാരണം ന്യൂയോർക്കിലും ന്യൂജേഴ്സിയിലും വായു മലിനീകരണ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഫൈനൽ മത്സരത്തെ ഇത് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ടൂർണമെന്റിനിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമേരിക്കൻ താരം ഫൊളാറിൻ ബാലോഗന്റെ ചുവപ്പ് കാർഡ് വിഷയത്തിൽ ഡൊണാൾഡ് ട്രംപ് ഇടപെട്ടെന്ന ആരോപണവും ടൂർണമെന്റിന്റെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പുതിയ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്ന ഫൈനൽ മത്സരത്തോടെ, ട്രോഫിക്കൊപ്പം വിജയ മോതിരം സമ്മാനിക്കുന്ന രീതി ലോക ഫുട്ബോളിൽ തുടർക്കഥയാകുമോയെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്

