തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നാളെ (ജൂലൈ 16) പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ടിക്കറ്റ് പ്രകാശനം നിർവഹിക്കും.
30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കേരള ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ഇതിനു പുറമെ 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും, 20 പേർക്ക് 25 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും, 10 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നാലാം സമ്മാനവും, 10 പേർക്ക് രണ്ട് ലക്ഷം രൂപ വീതം അഞ്ചാം സമ്മാനവും ലഭിക്കും. കൂടാതെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ടിക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി കമ്മീഷനായി ലഭിക്കും. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
പ്രകാശനച്ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ, അനിൽകുമാർ കെ.എസ് തുടങ്ങിയവർ സംബന്ധിക്കും. അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ടിക്കറ്റ് വിൽപ്പന ആരംഭിക്കും. അച്ചടിച്ച പേപ്പർ ടിക്കറ്റുകൾ അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം വാങ്ങണമെന്ന് ഭാഗ്യക്കുറി വകുപ്പ് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ, ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ടിക്കറ്റ് വിൽപ്പന ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 26-നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക.

