തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 മണിക്ക് ദി ലീല റാവിസ് ഹോട്ടലില്‍ ആരംഭിക്കുന്ന ലേല നടപടികള്‍ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രമുഖ ഓക്ഷണറായ ചാരു ശര്‍മ്മ നേതൃത്വം നല്‍കും. ലേലത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. ആരാധകര്‍ക്ക് ജിയോ ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ ലേലം തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇത്തവണത്തെ ലേലപ്പട്ടികയില്‍ 173 താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. കൗമാര പ്രതിഭകള്‍ മുതല്‍ രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ച പരിചയസമ്പന്നരായ താരങ്ങള്‍ വരെ ഇതിലുള്‍പ്പെടുന്നു. വിവിധ ഫ്രാഞ്ചൈസികള്‍ ഇതിനകം 17 താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട് (റിട്ടെയ്ന്‍). ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നിവര്‍ നാല് താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതവും, കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് താരങ്ങളെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് നിലനിര്‍ത്തിയത്. ഇതോടെ ശേഷിക്കുന്ന 156 താരങ്ങളെ സ്വന്തമാക്കാനായി ആറ് ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ മാറ്റുരയ്ക്കും.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ബജറ്റായി അനുവദിച്ചിരിക്കുന്നത്. ഓരോ സ്‌ക്വാഡിലും കുറഞ്ഞത് 16 താരങ്ങളും പരമാവധി 20 താരങ്ങളും ഉണ്ടായിരിക്കണം. താരങ്ങളെ അനുഭവസമ്പത്തിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ലേലം നടത്തുന്നത്. എ കാറ്റഗറി താരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും, ബി കാറ്റഗറിക്ക് 1.5 ലക്ഷം രൂപയും, സി കാറ്റഗറി താരങ്ങള്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ നേട്ടമുണ്ടാക്കിയ കേരള ക്രിക്കറ്റ് ലീഗ്, ഇത്തവണയും മികച്ച പോരാട്ടങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

