ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹരിത ഗതാഗത ദൗത്യത്തില്‍ ചരിത്രനേട്ടമായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. പരിസ്ഥിതി സൗഹൃദവും തദ്ദേശീയമായി വികസിപ്പിച്ചതുമായ റെയില്‍ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടമായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്. ‘ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് മിഷന്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നീ പദ്ധതികള്‍ക്ക് കരുത്തേകുന്ന ഈ ട്രെയിനിലെ യാത്രാനിരക്ക് അഞ്ച് രൂപ മുതല്‍ 25 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഏകദേശം 90 കിലോമീറ്റര്‍ ദൂരമുള്ള ജിന്ദ്-സോനിപത് റൂട്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തും. നിലവില്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ ട്രെയിനുകള്‍ക്ക് രണ്ട് മണിക്കൂറോളം സമയമെടുക്കുന്നിടത്താണ് ഈ നേട്ടം. ഒരേസമയം 2,500 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ട്രെയിന്‍, വേഗതയേറിയതും ചെലവുകുറഞ്ഞതുമായ ഗതാഗത സൗകര്യമാണ് ഒരുക്കുന്നത്. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഇതിലുള്ളത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ നീരാവിയും ചൂടും മാത്രമാണ് പുറന്തള്ളുന്നത്. ഒരുതവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ ഇതിന് സാധിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിയാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 27 ഹൈഡ്രജന്‍ സിലിണ്ടറുകള്‍ക്ക് പുറമെ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍, അത്യാധുനിക അഗ്നിബാധ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും ട്രെയിനിലുണ്ട്. ലഖ്നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് രൂപകല്‍പ്പന ചെയ്ത ട്രെയിന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 89 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഈ പൈലറ്റ് പദ്ധതി വിജയകരമായാല്‍, രാജ്യത്തെ മറ്റ് റൂട്ടുകളിലേക്കും ഹൈഡ്രജന്‍ ട്രെയിനുകള്‍ വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്താനും സാധിക്കും.

