ന്യൂഡൽഹി: 2027-ലെ പുരുഷന്മാരുടെ ഏഷ്യാ കപ്പിന്റെ തീയതികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അന്തിമമാക്കിയതായി റിപ്പോർട്ട്. 2027 ജൂൺ 18 മുതൽ ജൂലൈ 4 വരെ ബംഗ്ലാദേശിൽ വെച്ചായിരിക്കും ടൂർണമെന്റ് നടക്കുക. 50 ഓവർ ഏകദിന ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്നും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.
2027-ലെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂർണമെന്റായാണ് ഈ ഏഷ്യാ കപ്പിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. അതിനാൽ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ പ്രമുഖ ടീമുകളും ശക്തമായ നിരയുമായാകും ടൂർണമെന്റിൽ പങ്കെടുക്കുക. 2023-ലെ ഏകദിന ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. 2025-ൽ ട്വന്റി20 ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പും ഇന്ത്യ തന്നെയാണ് സ്വന്തമാക്കിയത്. ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ആതിഥേയത്വം ബംഗ്ലാദേശ് തന്നെ നിലനിർത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര, ക്രിക്കറ്റ് വിഷയങ്ങളെത്തുടർന്ന് ആതിഥേയത്വം നഷ്ടമാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ബംഗ്ലാദേശിന് തന്നെ മത്സരങ്ങൾ നടത്താൻ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും പാകിസ്താനും പരസ്പരം സ്വന്തം രാജ്യങ്ങളിൽ കളിക്കില്ലെന്ന ധാരണ തുടരുന്ന സാഹചര്യത്തിൽ, നിഷ്പക്ഷ വേദിയായാണ് ബംഗ്ലാദേശിനെ പരിഗണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ നേതൃത്വം ബിസിസിഐയുമായി ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ആതിഥേയാവകാശം നിലനിർത്താൻ സഹായകമായിട്ടുണ്ടെന്നാണ് സൂചന.

