ന്യൂഡൽഹി: സൈനിക വ്യോമശക്തിയുടെ കാര്യത്തിൽ ലോകവേദിയിൽ ഇന്ത്യയുടെ കരുത്ത് വീണ്ടും തെളിഞ്ഞു. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) പുറത്തിറക്കിയ 2026-ലെ ഗ്ലോബൽ എയർ പവർ റാങ്കിംഗിൽ രാജ്യാടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ ശക്തമായ സൈനിക വ്യോമശക്തിയായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയും റഷ്യയും മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
വ്യക്തിഗത വ്യോമസേനകളുടെ പട്ടികയിൽ ഇന്ത്യൻ വ്യോമസേന ആറാം സ്ഥാനത്താണ്. യുഎസ് എയർഫോഴ്സ്, യുഎസ് നേവി, റഷ്യൻ എയർഫോഴ്സ്, യുഎസ് ആർമി, യുഎസ് മറൈൻ കോർപ്സ് എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2022 മുതൽ അഞ്ചാം തവണയാണ് ഇന്ത്യൻ വ്യോമസേന ചൈനയെ ഈ പട്ടികയിൽ മറികടക്കുന്നത്. റാങ്കിങ് തയ്യാറാക്കുമ്പോൾ അമേരിക്കയുടെ വിവിധ സൈനിക വ്യോമവിഭാഗങ്ങളെ പ്രത്യേകം യൂണിറ്റുകളായാണ് പരിഗണിച്ചത്. എന്നാൽ രാജ്യടിസ്ഥാനത്തിൽ അമേരിക്കയുടെ എല്ലാ വ്യോമവിഭാഗങ്ങളെയും ഒന്നായി കണക്കാക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.
WDMMAയുടെ കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ 1,716 സൈനിക വിമാനങ്ങളാണുള്ളത്. ഇതിൽ 542 യുദ്ധവിമാനങ്ങളും 498 ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നു. ഹിമാലയത്തിലെ അതിശൈത്യ പ്രദേശങ്ങൾ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദീർഘദൂര ദൗത്യങ്ങൾ വരെ നിർവഹിക്കാനുള്ള പ്രവർത്തനക്ഷമതയാണ് ഇന്ത്യയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്. കൂടാതെ, സംയുക്ത സൈനികാഭ്യാസങ്ങൾ, ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം, എസ്-400 ട്രയംഫ് പ്രതിരോധ സംവിധാനം, ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ സേനയുടെ ശേഷി ഗണ്യമായി വർധിപ്പിച്ചു. വിമാനങ്ങളുടെ എണ്ണം മാത്രമല്ല, സാങ്കേതികവിദ്യ, ആധുനികവൽക്കരണം, ലോജിസ്റ്റിക് പിന്തുണ, ആഭ്യന്തര നിർമ്മാണശേഷി തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

