ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ സലിമ ടെറ്റെ തന്നെ നയിക്കും. കഴിഞ്ഞ മാസം ന്യൂസിലൻഡിൽ നടന്ന എഫ്ഐഎച്ച് നേഷൻസ് കപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സലിമയിലുള്ള വിശ്വാസം ആവർത്തിച്ചുകൊണ്ടാണ് ഹോക്കി ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേരുന്ന മികച്ച സമന്വയമാണ് ടീമിന്റെ പ്രധാന കരുത്തെന്ന് മുഖ്യപരിശീലകൻ ഷോർഡ് മറൈനെ അഭിപ്രായപ്പെട്ടു. സമീപ മാസങ്ങളിലെ മികച്ച പ്രകടനവും കായികക്ഷമതയും പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലിൽ തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യ, ഇത്തവണ സ്വർണ്ണ മെഡലാണ് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചൈനയുൾപ്പെടെ പത്ത് ടീമുകളാണ് വനിതാ ഹോക്കിയിൽ മാറ്റുരയ്ക്കുന്നത്.
ടീമിലെ ഗോൾകീപ്പർമാരായി സവിതയും ബിച്ചു ദേവി ഖരിബാമും ഇടംനേടി. പ്രതിരോധനിരയിൽ സുശീല ചാനു പുഖ്രംബം, ഇഷിക ചൗധരി, ജ്യോതി എന്നിവർക്കൊപ്പം ലാൽത്താന്ത്ലുവാങ്ങിയും ശിൽപി ദബാസും ഉൾപ്പെടുന്നു. മധ്യനിരയിൽ നായിക സലിമ ടെറ്റെയെ കൂടാതെ നിക്കി പ്രധാൻ, സാക്ഷി റാണ, സുനേലിത ടോപ്പോ, നെഹ, ദീപിക സോറങ് എന്നിവരുണ്ട്. മുന്നേറ്റനിരയിൽ ലാൽറെംസിയാമി, റുതുജ ദാദാസോ പിസൽ, നവ്നീത് കൗർ, ദീപിക, ബൽജീത് കൗർ, ബ്യൂട്ടി ദുങ്ദുങ് എന്നിവരാണ് ഇന്ത്യയുടെ ഗോൾവേട്ടയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

