ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം ലക്ഷ്യമാക്കി അർജന്റീന മുന്നേറുന്നതിനിടെ, രാജ്യത്തിന്റെ ഫുട്ബോൾ ഭരണസംവിധാനത്തെ പിടിച്ചുകുലുക്കി ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.
അമേരിക്കൻ ബാങ്കിംഗ് സംവിധാനങ്ങൾ വഴി നടന്ന സാമ്പത്തിക ഇടപാടുകളെ മുൻനിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എഎഫ്എ ആസ്ഥാനത്തും രാജ്യത്തെ പ്രമുഖ 17 ഫുട്ബോൾ ക്ലബ്ബുകളിലും എഫ്ബിഐ ഒരേസമയം പരിശോധന നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലോഡിയോ ടാപ്പിയയുടെ നേതൃത്വത്തിലുള്ള എഎഫ്എ വൻ സാമ്പത്തിക ക്രമക്കേടുകളാണ് നേരിടുന്നത്. യുഎസിലെ അഞ്ച് ധനകാര്യ സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് ഡോളറുകളുടെ ഇടപാടുകൾ നടന്നതായും, ഇതിൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് എഎഫ്എയുടെ വിദേശ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. ഈ കമ്പനിയും നിലവിൽ അന്വേഷണ പരിധിയിലാണ്. ഏകദേശം 42 മില്യൺ ഡോളറിന്റെ വരുമാനം ഫ്ളോറിഡയിലെ ഷെൽ കമ്പനികൾ വഴിയാണ് എഎഫ്എയ്ക്ക് ലഭിച്ചതെന്നാണ് പ്രധാന ആരോപണം. എന്നാൽ, ഉയർന്നു വന്ന എല്ലാ ആരോപണങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിഷേധിച്ചു. തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും നിയമവിധേയമാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അർജന്റീന ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഫുട്ബോൾ ഭരണകൂടത്തെ ചുറ്റിപ്പറ്റിയുള്ള ഈ അന്വേഷണം കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

