ഹാനോയ്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളെ കൊണ്ടുപോയ സ്പീഡ് ബോട്ട് തകര്‍ന്നുണ്ടായ അപകടത്തിൽ നിരവധി പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്നവരിൽ 32 ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇന്ത്യൻ എംബസി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം സംഭവിച്ചത്. വിയറ്റ്‌നാമിൻ്റെ തെക്കൻ തീരത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ തായ്ലാൻഡ് ഉൾക്കടലിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ 15 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കാണാതായവർക്കായി രക്ഷാപ്രവർത്തകർ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് ഇന്ത്യയുടെ ഹോചിമിൻ സിറ്റിയിലെ കോൺസുലേറ്റ് അടിയന്തര സഹായത്തിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൂടാതെ ഹാനോയിയിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വിയറ്റ്‌നാമിലെ ഇന്ത്യൻ പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സഹായത്തിനായി ഹോചിമിൻ സിറ്റി കോൺസുലേറ്റിനെ +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിലും ഹാനോയ് ഇന്ത്യൻ എംബസിയെ +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനനുസരിച്ച് അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങളും മരണ-പരിക്കേറ്റവരുടെ കണക്കുകളും ലഭ്യമാക്കുമെന്ന് വിയറ്റ്‌നാം അധികൃതർ അറിയിച്ചു.

